Thursday, December 30, 2010

മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നു


മലയാള സിനിമാപ്രേക്ഷകര്‍ എന്നും ആഗ്രഹിക്കുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും. സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍.

ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ചിത്രീകരണം തുടങ്ങാനാകുമെന്നാണ് കരുതുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം നിവഹിക്കുക. വേണു ക്യാമറാ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് രാജഗോപാലാണ്.


ഇന്നത്തെ ചിന്താവിഷയമാണ് ഇരുവരും ഏറ്റവും ഒടുവിലായി ഒന്നിച്ച ചിത്രം. ഒരുകാലത്ത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം നായകനായിരുന്നു മോഹന്‍ലാല്‍ . ലാലിന് തിരക്കേറിയതോടെ സത്യന്‍ ജയറാമുമായി ചേരുകുകയായിരുന്നു. ടി പി ബാലകൃഷ്ണന്‍ MA, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, വരവേല്‍പ്പ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ കൂട്ടുകെട്ട് ഒരിടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ചത് രസതന്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു

പോണ്ടിംഗ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള സമയമായെന്ന് ചാപ്പല്‍


അടുത്തവര്‍ഷം നടക്കാ‍നിരിക്കുന്ന ലോകക്കപ്പ് മത്സരത്തിന് ശേഷം ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് ഇയാന്‍ ചാപ്പല്‍. പോണ്ടിംഗ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള സമയമായെന്ന് ചാപ്പല്‍ പറഞ്ഞു.

അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ലോകക്കപ്പിന് ശേഷം പോണ്ടിംഗ് നായകസ്ഥാനം ഒഴിയണം. ടീമിനെ വെല്ലുവിളിയില്‍ നിന്ന് കരകയറ്റാന്‍ പുതിയ ക്യാപ്റ്റന്‍ ആവശ്യമാണ്- ഓസ്ട്രേലിയന്‍ മുന്‍‌നായകനായ ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ പോണ്ടിംഗിന്റെ സേവനം അവസാനിപ്പിക്കേണ്ട സമയമായി. ടീമില്‍ തുടരണോയെന്ന കാര്യം അദ്ദേഹം തീരുമാനിക്കണം. അടുത്ത ഓഗസ്റ്റില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ പുതിയ നായകന്റെ നേതൃത്വത്തില്‍ ഉടച്ചുവാര്‍ത്ത ഓസ്ട്രേലിയന്‍ ടീമാണ് മത്സരിക്കേണ്ടതെന്നും ചാപ്പല്‍ പറഞ്ഞു.